കടലോരവർത്തമാനം

കോവിഡ് 19 ലോക്ക് ഡൗൺ : തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിർദ്ദേശങ്ങൾ

മെയ് 3 വരെ രാജ്യമൊട്ടാകെ ലോക്ക്ഡൌൺ നീട്ടിയ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷയും മത്സ്യത്തൊഴിലാളികളുടെ തൊഴിലും ആരോഗ്യവും ഉറപ്പക്കുന്നതിന്റെയും ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാ‍രുകൾ മത്സ്യമേഖലയ്ക്ക് പ്രത്യേക പരിഗണന നൽകി നിയന്ത്രിതമായ രീതിയിൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയിട്ടുണ്ട്.കേന്ദ്ര സർക്കരിന്റെ ഉത്തരവനുസരിച്ച് എല്ലാവിധത്തിലുള്ള മത്സ്യബന്ധന വിപണന വിതരണ പ്രവർത്തനങ്ങളും നടത്താവുന്നതാണ്. സംസ്ഥാനത്ത് കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ പരമ്പരാഗത മത്സ്യബന്ധയാനങ്ങൾക്ക് നിയന്ത്രണങ്ങളോടെ ഏപ്രിൽ പതിനാലുമുതൽ മത്സ്യബന്ധനത്തിന് അനുമതി നൽകി.

മത്സ്യ ലേലം കൂടാതെ മത്സ്യത്തിന്റെ വില്പന നടത്തണം.ട്രോളിംഗ് ബോട്ടുകൾ, കമ്പവല, തട്ടുമടി തുടങ്ങിയ വഴിയുള്ള മത്സ്യബന്ധനം സംസ്ഥാന സർക്കാർ പൂർണ്ണമായും നിരോധിച്ചു . എന്നാൽ 25 ന്റെ എഞ്ചിൻ വരെ ഉപയോഗിച്ചും 32 അടിവരെ നീളമുള്ള മത്സ്യബന്ധനയാനങ്ങളിലും മാത്രമാണ് മത്സ്യബന്ധനം നടത്താനാവുക. ഒരു വള്ളത്തിൽ 5 പേരിൽ കൂടുതൽ പേർ മത്സ്യബന്ധനത്തിനായി പോകുന്നതും വിലക്കിയിട്ടുണ്ട്.

പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുക കളക്ടർ ചെയർമാനായ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളായിരിക്കും. ഓരൊ മത്സ്യത്തിന്റെയും ഇനത്തിനനുസരിച്ച് എണ്ണത്തിനോ തൂക്കത്തിനോ കുട്ടയ്ക്കോ ആയിട്ടായിരിക്കും വില നിശ്ചയിക്കുന്നത്. ആ ദിവസം മുഴുവൻ ഇതേ വിലയിലാവും മത്സ്യം വിൽക്കപ്പെടുക.

മത്സ്യ ലഭ്യത അനുസരിച്ച് ഓരോ ദിവസവും വില പുതുക്കി നിശ്ചയിക്കും.

ഹാർബർ മാനേജ്മെന്റ് സൊസൈറ്റികളിൽ അതാത് ഇടങ്ങളിലെ എല്ലാ മത്സ്യത്തൊഴിലാളികലുടെയും മറ്റ് അനുബന്ധ തൊഴിലാളികളുടെയും പ്രാതിനിധ്യം മത്സ്യത്തൊഴിലാളികൾ ഉറപ്പുവരുത്തണം.

പ്രദേശത്തെ മത്സ്യക്കച്ചവടക്കാർക്കായിരിക്കും മത്സ്യം വാങ്ങുന്നതിന് മുൻഗണന. ഓരോ പ്രദേശത്തും അതത് പ്രദേശങ്ങളിലെ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി കൂട്ടായ്മകൾക്ക് ഇത്തരം വിപണനങ്ങളുടെ നേതൃത്വം ഏറ്റെടുക്കാവുന്നതാണ്. അതിന് കഴിയാത്ത ഇടങ്ങളിൽ മത്സ്യഫെഡ് മത്സ്യവിപണനം ഏറ്റെടുക്കുന്നതാണ്. ചെറുകിട വില്പനക്കാർക്ക് മാർക്കറ്റ് പോയിന്റുകൾ നിശ്ചയിച്ചുനൽകി അവർക്കാവശ്യമായ മത്സ്യം മത്സ്യഫെഡ് എത്തിച്ച് നൽകും.. അവശ്യമുള്ള മത്സ്യത്തിന്റെ അളവ് ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളെ മുൻകൂട്ടി അറിയിക്കണം. മത്സ്യ വിൽപനയിലൂടെ ലഭിക്കുന്ന തുക നേരിട്ടോ തൊഴിലാളികളുടെ അക്കൗണ്ടിലൂടെയോ ലഭ്യമാക്കും.

ഹാർബറുകളിലും മാർക്കറ്റുകളിലും കൃത്യമായ സാമൂഹ്യ അകലം പാലിക്കണം. ലാന്റിംഗ് സെന്ററുകളിൽ തിരക്ക് ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പ്, പോലീസ്, റവന്യൂ, മത്സ്യഫെഡ് ഉദ്യോഗസ്ഥാർക്കാണ് ചുമതല. മത്സ്യചന്തകൾ രാവിലെ ഏഴ് മുതൽ 11 വരെയാണ് പ്രവർത്തിക്കുക. മത്സ്യം വാങ്ങാനെത്തുന്നവർ ഒരു മീറ്റർ അകലം പാലിക്കണം. മാസ്ക് ധരിക്കുകയും വേണം. വള്ളം വർക്ക് ഷൊപ്പുകൾ, എഞ്ചിൻ മെക്കാനിക് ഷോപ്പുകൾ എന്നിവ പ്രവർത്തിക്കാവുന്നതാണ്.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് വഴി ധനസഹായം  പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ മത്സ്യഫെഡ് അംഗത്വമുള്ള കുടുംബനാഥന് 2000 രൂപയും അനുബന്ധ മത്സ്യത്തോഴിലാളിയ്ക്ക് 1000 രൂപയുമായുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും മത്സ്യഭവനുമായോ മത്സ്യഫെഡിന്റെ കമ്മ്യൂണിറ്റി സ്റ്റാഫുകളുമായോ ബന്ധപ്പെടുക.

പ്രവാസികളുടെ സഹായത്തിനായി ജനുവരിയ്ക്ക് ശേഷം വിദേശത്ത് നിന്നെത്തി ലോക്ക് ഡൌൺ മൂലം തിരികെ പോകാൻ കഴിയാത്തവർക്ക് 5000 രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമനിധി പെൻഷൻകാർക്ക് 1000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾക്കും അപേക്ഷയ്ക്കും 0471 2770515, 2770557  എന്ന നമ്പറിലും നോർക്കയുടെ വെബ്‌സൈറ്റിലും ബന്ധപ്പെടാവുന്നതാണ്.

സർക്കരിന്റെ പുതുക്കിയ ലോക്ക് ഡൌൺ നിർദേശങൾ അനുസരിച്ച് തിരുവനന്തപുരം ജില്ല ഉൽപ്പെടുന്നത് ഓറഞ്ച് ബി മേഖലയിലാണ്  ഈ മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാഅതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാതിയ്യേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാത്തരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ഹോട്ടലും കടകളും 7 മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കിയിട്ടുണ്ട്.

ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല.സ്ത്രീകൾ ഓടിക്കുന്ന വാഹനങൾക്കും ഈ നമ്പർ ക്രമീകരണം ബാധകമല്ല. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുളള കാര്യങ്ങള്‍ക്കായി മാത്രമേ ഒരു ജില്ലയില്‍ നിന്ന് അടുത്തുളള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. മറ്റ് ആവശ്യങ്ങള്‍ക്കായി ജില്ല കടന്നുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷൻ പരിധി ഹോട്ട്സ്പോട്ട് ആയതിനാൽ ഈ മേഖലയിലുള്ളവർ കർശനമായും ലോക്ക് ഡൌൺ നിർദേങ്ങൾ പാലിക്കുക. ഈ മേഖലയിൽ അത്യാവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം കൂടെക്കരുതേണ്ടതാണ്. ഭക്ഷ്യ ധാന്യങ്ങളുടെ ദൌർലഭ്യം ഉണ്ടാകാൻ സാധ്യതയുള്ളത്തിനാൽ കഴിയുന്ന എല്ലാവരും അടുക്കള കൃഷിയും  മറ്റ് കാർഷികപ്രവർത്തനങ്ങളും നടത്തുന്നത് ഉചിതമായിരിക്കും.

ആൾക്കൂട്ടം നിർബന്ധമായും ഒഴിവാക്കുക,പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയൊഗിച്ച് കഴുകുന്നത് തുടരുക,സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക ലോക്ക് ഡൌൺ ഇളവുകൾ അനുവധിക്കുമ്പോൾ ആരോഗ്യസുരക്ഷയിൽ സ്വയം ഇളവുകൾ അനുവദിക്കാതിരിക്കുക.